മലയാളം, തമിഴ് സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച നടിയാണ് കനിഹ. ഒട്ടേറെ മികച്ച മലയാള ചിത്രങ്ങളിലൂടെ തന്റെ പ്രതിഭ കാണിച്ചു തന്ന ഈ നടിയുടെ കരിയറിലെ മികച്ച മലയാള ചിത്രങ്ങളാണ് പഴശ്ശിരാജ, സ്പിരിറ്റ്, ഭാഗ്യദേവത, അബ്രഹാമിന്റെ സന്തതികൾ, മാമാങ്കം എന്നിവ. മലയാളത്തിലെ രണ്ടു ചരിത്ര സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിയാണ് കനിഹ. രണ്ടും മമ്മൂട്ടി നായകനായ ചിത്രങ്ങളാണ്. പഴശ്ശിരാജ, മാമാങ്കം എന്നീ ചിത്രങ്ങളിൽ ഏതാണ് കനിഹയുടെ ഏറ്റവുമിഷ്ടപെട്ട ചിത്രമെന്നാണ് ഒരു ആരാധകൻ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക് ലൈവിൽ ചോദിച്ചത്. അതിനു ഒട്ടുമാലോചിക്കാതെ കനിഹ പറയുന്നത് പഴശ്ശി രാജ എന്നാണ്. അതിലെ കൈതേരി മാക്കം എന്ന കഥാപാത്രം തന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു എന്നാണ് കനിഹ പറയുന്നത്. മാമാങ്കത്തിൽ കുറച്ചു ദിവസം മാത്രമേ തനിക്കു ജോലി ഉണ്ടായിരുന്നുള്ളു എന്നും പഴശ്ശിരാജയിൽ ഒരുപാട് ദിവസം ജോലി ചെയ്തതുകൊണ്ടു അത് കൂടുതൽ പ്രീയപെട്ടതാകുന്നുവെന്നും കനിഹ പറഞ്ഞു.
പത്തു വർഷം മുൻപ് പഴശ്ശിരാജ ചെയ്തപ്പോഴും അത് കഴിഞ്ഞു കഴിഞ്ഞ വർഷം മാമാങ്കം ചെയ്തപ്പോഴും മമ്മുക്ക ഒരുപോലെ തന്നെയിരുന്നതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നു കനിഹ പറയുന്നു. പഴശ്ശിരാജക്കു വേണ്ടി കളരി പഠിക്കേണ്ടിവന്നുവെന്നും കനിഹ പറഞ്ഞു. മമ്മുക്കയുടേയും തന്റെയും ഓൺസ്‌ക്രീൻ കെമിസ്ട്രി ഗംഭീരമെന്നു ഒരുപാട് പേര് പറയാറുണ്ടെന്നും അത് ചിലപ്പോൾ തനിക്കു മമ്മുക്കയെ ഏറെയിഷ്ടമുള്ളതു കൊണ്ടും തങ്ങളുടെ ഉയരം ഏകദേശം സമാനമായത് കൊണ്ടുമാകാമെന്നും കനിഹ വിശദീകരിച്ചു. 2009ൽ റിലീസ് ചെയ്ത പഴശ്ശി രാജ രചിച്ചത് എം ടി വാസുദേവൻ നായരും സംവിധാനം ചെയ്തത് ഹരിഹരനും ആണ്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് പഴശ്ശിരാജ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മാമാങ്കം സംവിധാനം ചെയ്തത് എം പദ്മകുമാറാണ്. ചിത്രവും പ്രേക്ഷക ശ്രദ്ധയും പ്രശംസയും ബോസ്‌ഓഫീസിൽ വമ്പൻ വിജയവും നേടിയെടുത്തിരുന്നു. കനിഹയുടെ ഇനി വരാൻ പോകുന്ന ചിത്രം വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച ഒരു തമിഴ് സിനിമയാണ്.
No comments:
Post a Comment