Wednesday, 29 April 2020

27 വർഷം മുൻപ് ആ ഹോളിവുഡ് ചിത്രം കാണാൻ പണമില്ലായിരുന്നു; വർഷങ്ങൾക്ക് ശേഷം അതേ സീരിസിലെ ചിത്രത്തിലെ പ്രധാന താരം..

ഇർഫാൻ ഖാൻ എന്ന അഭിനയ പ്രതിഭ നമ്മളെ വിട്ടു പിരിഞ്ഞത് വലിയ ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാ ലോകവും സിനിമാ പ്രേമികളും സ്വീകരിച്ചത്. അസുഖ ബാധിതനായി കഴിഞ്ഞ രണ്ടു വർഷമായി സിനിമയിൽ സജീവമായിരുന്നില്ല എങ്കിലും ജീവിതത്തിലും സിനിമയിലും പൊരുതി കയറി ലോക പ്രശസ്തനായ ഇർഫാൻ ഖാൻ ഈ പ്രതിസന്ധിയിൽ നിന്നും പൊരുതി കയറി വരും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചതു.പക്ഷെ ഏവരെയും ദുഃഖത്തിലാഴ്ത്തി അദ്ദേഹം വിട പറഞ്ഞു. ഇന്ത്യൻ സിനിമയിൽ നിന്ന് ഒട്ടേറെ താരങ്ങൾ ഹോളിവുഡിലും ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ആരും അവിടെ അത്ര വലിയ വിജയം കൈവരിച്ചിരുന്നില്ല. എന്നാൽ ഇർഫാൻ ഖാൻ വിജയം നേടിയതും അവിടെയാണ്. ഒട്ടേറെ ഹോളിവുഡ് / ഇംഗ്ലീഷ് ചിത്രങ്ങളിൽ നിർണ്ണായക വേഷങ്ങൾ ചെയ്ത അദ്ദേഹം ഓസ്കാർ നോമിനേഷൻ ലഭിച്ച അനേകം ചിത്രങ്ങളുടേയും ഭാഗമായി. അദ്ദേഹത്തിന് ഹോളിവുഡിൽ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2015 റിലീസ് ചെയ്ത ജുറാസിക് വേൾഡ്.

1993 ഇൽ ആ സീരിസിലെ ആദ്യ ചിത്രമായ ജുറാസിക് പാർക്ക് റിലീസ് ചെയ്തപ്പോൾ ആ ചിത്രം കാണാൻ ഇർഫാൻ ഖാന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. എന്നാൽ അതേ ഇർഫാൻ ഖാൻ 22 വർഷങ്ങൾക്കു ശേഷം ജുറാസ്സിക് ‌വേൾഡിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി വന്നപ്പോൾ അതിനെ കാലം കാത്തു വെച്ച കാവ്യ നീതി എന്നേ പറയാൻ പറ്റൂ. ജുറാസിക് വേൾഡ് റിലീസ് ചെയ്യുന്ന സമയത്തു ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഇർഫാൻ ഖാൻ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. 1988 ഇൽ‌ അഭിനയ ജീവിതമാരംഭിച്ചുവെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് രണ്ടായിരാമാണ്ടിനു ശേഷമാണു.

No comments:

Post a Comment

  Automata Network News Automata is now listed on Binance! Read...